അഞ്ചുമന ദേവിക്ഷേത്രം
പാടിവട്ടം, കൊച്ചിAbout theTemple
അഞ്ചുമന വിശ്വകർമ്മ ധർമ്മോദ്ധാരണ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചുമന ദേവീ ക്ഷേത്രം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്ക് ഇടപ്പിള്ളി തെക്ക് വില്ലേജിൽ പാടിവട്ടം കരയിൽ സ്ഥിതി ചെയ്യുന്നു.
അഞ്ചുമന ദേവസ്വം എന്ന പേരിലും ഇതറിയപ്പെടുന്നു. നാഷണൽ ഹൈവേ (NH 47) ഇടപ്പിള്ളി വൈറ്റില റോഡിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പുരാതനവും പ്രസിദ്ധവുമായ ദേവീക്ഷേത്രം ദശാബ്ദങ്ങൾക്കു മുൻപ് ഓട് മേഞ്ഞ ശ്രീകോവിലുകളും വിഗ്രഹങ്ങളും , ഉപദേവതകൾ സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് കൽത്തറകളുമായിരുന്നു. നിത്യവും വിളക്കുവെച്ച് ആരാധന നടത്തിയിരുന്നതിന്റെ ഭാഗമായി നാൾക്കുനാൾ ക്ഷേത്രത്തിന് ഐശ്വര്യവും അഭിവൃദ്ധിയും വർദ്ധിക്കുകയുണ്ടായി.
എറണാകുളം , ആലപ്പുഴ , കോട്ടയം ജില്ലകളിലായി വസിക്കുന്ന 800 ഓളം വരുന്ന വിശ്വകർമ്മജരിലെ തച്ചൻ (ആശാരി) സമുദായത്തിലുള്ള കുടുംബങ്ങളുടെ അധീനതയിലുള്ള എവിഡി. സമാജത്തിന്റെ നേതൃത്വത്തിൽ മാസ സംക്രമ പൂജ, വാർഷിക വിശേഷങ്ങളായ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായ 41 ദിവസം നീണ്ടു നിൽക്കുന്ന പറയെഴുന്നെള്ളിപ്പ്, താലപ്പൊലി, മകര തൈപ്പൂയം എന്നീ പ്രധാന ക്ഷേത്ര ചടങ്ങുകൾ പണ്ടു മുതൽക്കേ നടത്തിവരികയുണ്ടായി. പ്രധാന ദേവതയായ ശ്രീ ഭുവനേശ്വരിയുടേയും മറ്റ് ഉപദേവതകളുടെയും അനുഗ്രഹത്താലും, ഇന്നാട്ടിലെ നല്ലവരായ. ഭക്‌തജനങ്ങളുടെ നിസ്സീമമായ സഹകരണവും കൊണ്ട് അഞ്ചുമന ദേവസ്വം പടിപടിയായി വളരുകയായിരുന്നു.
സമസ്ത ലോക രക്ഷകയും സർവ്വമംഗളകാരിയും ദേവിത്രയങ്ങളിൽ മൂർത്തിമത് ഭാവങ്ങളുമായ ശ്രീ ഭുവനേശ്വരി, ശ്രീ ഭദ്രകാളി കേരളത്തിലെ അപൂർവ്വം ഭുവനേശ്വരി ക്ഷേത്രങ്ങളിൽ പ്രഥമ സ്ഥാനമുള്ള അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വലിയമ്പലത്തിനകത്ത് പ്രധാന ദേവതകളായി ശ്രീ ഭുവനേശ്വരി ദേവി, ശ്രീ മഹാഗണപതി, ശ്രീ ശാസ്താവ്, ശ്രീ ഭദ്രകാളി ദേവി, വെള്ളാം ഭഗവതി സങ്കൽപ്പത്തോടു കൂടിയ ശ്രീ അന്നപൂർണ്ണേശ്വരി ദേവി, ശ്രീ സുബ്രഹ്മണ്യ സ്വാമിയും പുറത്തേക്ക് ഇറങ്ങി ശ്രീ നാഗരാജാവ്, ശ്രീ നാഗയക്ഷി, ശ്രീ കരുനാഗ യക്ഷി, ശ്രീ അറുകൊല, ശ്രീ മുത്തപ്പൻ (ഗുരു), വടക്കുപടിഞ്ഞാറു ഭാഗത്തായി ശ്രീ ഹിഡുംബ സ്വാമി, മീനം രാശിയിൽ ശ്രീ ഹനുമാൻ സ്വാമി, ശ്രീ ബ്രഹ്മ രക്ഷസ്സ്, തെക്ക് കിഴക്കുഭാഗത്തായി ശ്രീ ഘണ്ഠാകർണ സ്വാമി ഉൾപ്പെടുന്നതാണ് ക്ഷേത്രത്തിലെ ദേവതമാർ. കിഴക്ക് ഇളംകാവ് സങ്കൽപ്പവും ക്ഷേത്രത്തിന്റെ ഭാഗമാകുന്നു. മഹാക്ഷേത്രം എന്ന സങ്കൽപ്പത്തിലെ ദേവിയുടെ പാദം എന്നറിയപ്പെടുന്ന ക്ഷേത്ര ഗോപുരവും അലങ്കാരങ്ങളും, 42 ഓളം തൂണുകളിൽ വിവിധങ്ങളായ ചിത്രപ്പണികളോടെ തീർത്തിരിക്കുന്ന കമനീയമായ നടപ്പന്തലും ക്ഷേത്രത്തിന് പ്രത്യേക ചാരുത പകരുന്നു.
ചിങ്ങം 1ന് ഐശ്വര്യസമ്പൂർണമായ നിറപുത്തരി, കന്നി തുലാമാസങ്ങളിലായി നവരാത്രിയാഘോഷം, സ്കന്ദ ഷഷ്ഠി, തുലാം 30ന് മണ്ഡല ശുദ്ധികലശങ്ങളും പ്രത്യേക പൂജയും, മുത്തപ്പ സ്വാമി പൂജ, വൃശ്ചികം 1 ന് പകൽ 2ന് ചരിത്ര പ്രസിദ്ധമായ പുറപ്പറ എഴുന്നെള്ളിപ്പ്, താലപ്പൊലി കൊടിയേറ്റ്, മഹോത്സവ ചടങ്ങുകൾ, ശേഷം ഗുരുതി പൂജ, മഞ്ഞൾ അഭിഷേകവും, നടതുറപ്പ് ശുദ്ധി കലശങ്ങളും, ശ്രീ ഘണ്ഠാകർണ സ്വാമിക്ക് തെണ്ടു പൂജ, കലം വെയ്പ്പ് എന്നിവയും, മകര മാസത്തിലെ തൈപ്പൂയവും കുംഭം 3 ന് ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് കൊടിയേറ്റ് ഉത്സവവും, ശ്രീ ഭദ്രകാളി രൂപക്കളമെഴുതിപ്പാട്ടും, പന്ത്രണ്ടു പാത്രം വലിയ ഗുരുതിയും ശ്രീ രാമ നവമി കർക്കിടക്ക മാസത്തിലെ രാമായണ മാസാചരണവും, അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, മീന മാസത്തിലെ വിനായക ചതുർത്ഥി ഋഷി പഞ്ചമിക്ക് ശ്രീ വിശ്വകർമ്മ ദേവപൂജ, സപ്താഹം, ദേവീ ഭാഗവത പരായണം, ഉദയാസ്തമയ നാമജപം, വെള്ളിയാഴ്ചകളിലുള്ള കൂട്ട പ്രാർത്ഥനയും ഇവിടുത്തെ പ്രധാന ചടങ്ങുകളാണ്.
വിശേഷ ദിവസങ്ങളിലെ ഭക്തരുടെ മഹാദാനമായ അന്നദാനം പ്രധാനമാണ്. ഏറ്റവും വിശിഷ്ടമായ പുറപ്പറ എഴുന്നെള്ളിപ്പ് വൃശ്ചികം 1 ന് തുടങ്ങി 41 ദിവസം നീണ്ടു നിൽക്കുമ്പോൾ ഓരോ ഭക്തരുടേയും ഭവനങ്ങളിൽ ദർശനം നടത്തി കുടിലെന്നോ കൊട്ടാരമെന്നോ ഉള്ള അന്തരം ഉളവാകാതെ ഭക്തന്റെ അവസ്ഥകൾ കണ്ട് പറകൾ സ്വീകരിക്കുക എന്നത് ദേവിയുടെ ഒരു പ്രത്യേകതയാണ്, ഭക്തരുടെ മനസ്സാണ് അമ്മ സ്വീകരിക്കുന്നത്. ദിവസങ്ങൾക്കു മുൻപേ വ്രതം നോറ്റ് ശുദ്ധി വരുത്തിയ ഭവനങ്ങളിലേക്ക് ദേവി എഴുന്നെള്ളുമ്പോൾ തന്റെ ദുരിതങ്ങൾ മനസ്സിൽ നിന്നും പെയ്തൊഴിയുന്നതോടൊപ്പം സർവ്വ ഐശ്വരവും ദേവി പ്രധാനം ചെയ്യുന്നു എന്നാണ് വിശ്വാസം.
യൂവജന സംഘടനയുടെ നെതൃത്വത്തിൽ മഹാ നവമിയോടനുബന്ധിച്ച് നടത്തിവരുന്ന സംഗീതാർച്ചന വളരെ പ്രസിദ്ധമാണ്. ശാസ്ത്രീയ സംഗീത രംഗത്ത് പ്രതിഭ തെളിയിച്ച പ്രമുഖരായിരിക്കും പരിപാടിയുടെ ഉദ്ഘാടനം, തുടർന്ന് നിരവധി പേർ പക്കമേളത്തോടൊപ്പം ഗാനാർച്ചനയിൽ പങ്കെടുക്കും. നവരാത്രിയാഘോഷം വളരെ മഹത്തരമായിട്ടാണ് ഇവിടെ കൊണ്ടാടുന്നത്. സകലകലകളും വിദ്യയും പ്രധാനം ചെയ്യുന്ന മൂകാംബിക ദേവിയുടെ അവതാരം തന്നെയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ശ്രീ ഭുവനേശ്വരി ദേവി. കലാ രംഗത്ത് പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും ദേവി സന്നിധിയിലേക്ക് ഒഴുകിയെത്തുന്നത് ഇതുകൊണ്ടാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ സമൂഹ വിദ്യാരംഭവും ഇവിടുത്തെ പ്രത്യേകതയാണ്. തിരുനടയിൽ കാണുന്ന ഒരു കാഴ്ചയാണ് സിനിമ, സീരിയൽ ആരംഭ പൂജ. അല്ലെങ്കിൽ ബന്ധപ്പെട്ട ആദ്യ ഷോട്ട് ദേവീ സന്നിധിയിൽവച്ചാണെങ്കിൽ അത് തീർച്ചയായും പൂർണ്ണ വിജയമാകും എന്നത് കലാകാരൻമാർക്കിടയിൽ ഒരു വിശ്വാസം തന്നെയാണ്. മാത്രവുമല്ല പലവുരു തെളിഞ്ഞിട്ടുള്ളൊരു യാഥാർത്ഥ്യവും കൂടിയാണിത് .
ക്ഷേത്രത്തിലെ പ്രധാന നിവേദ്യങ്ങളായി കടുംപായസം, പിഴിഞ്ഞു പായസം, കൂട്ടു പായസം, വെള്ളനിവേദ്യം, തൃമധുരം ഗുരുതി എന്നിവ കൂടാതെ എല്ലാവിധ വിശേഷ പുഷ്പാഞ്ജലിയും നടത്തിവരുന്നു. ക്ഷേത്രത്തിലെ താന്ത്രിക വിധികൾ പുലിയന്നൂർ ഇല്ലത്തിന്റെ ഭാഗമാകുന്നു. താന്ത്രിക കുലപതി ബ്രഹ്‌മശ്രീ പുലിയന്നൂർ ശശി നമ്പൂതിരിപ്പാടാണ് ക്ഷേത്ര തന്ത്രി . തച്ചുശാസ്ത്ര വിധിപ്രകാരമുള്ള ക്ഷേത്രനിർമ്മിതിയിലെ കണക്കുകൾ കിടങ്ങൂർ രാഘവനാചാരിയുടെയും മകൻ സോമനാഥാനാചാരിയുടെയും നിര്യാണത്തെ തുടർന്ന് സ്ഥപതി വൈക്കം സോമനാചാരിയാണ് നിലവിൽ ചെയ്തു പോരുന്നത്.
അഞ്ചുമന വിശ്വകർമ്മ ധർമ്മോന്ധാരണ സമാജത്തിന്റെ 22 ശാഖാ പ്രസിഡന്റുമാർ ഉൾപ്പെട്ട കമ്മറ്റിയംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന സമാജം പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഖജാൻജി മറ്റു ഭാരവാഹികൾ ഉൾപ്പെടുന്ന ഒരു കൂട്ടം പ്രവർത്തകരുടെ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ക്ഷേത്ര നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ഇവരെ കൂടാതെ പോഷക സംഘടനകളായി മഹിളാസംഘം, യുവജന സംഘം ഉത്സവാഘോഷക്കമ്മറ്റി എന്നിവരും ഭാഗവാക്കാകുന്നു.
അഞ്ചുമന ദേവസ്വത്തിന്റെ ഉപക്ഷേത്രങ്ങളായി വെണ്ണല മാതിരത്ത് ദേവീക്ഷേത്രവും, ആരൂക്കുറ്റി വടുതലയിൽ ശ്രീ ഘണ്ഠാകർണ്ണ സ്വാമി ക്ഷേത്രവും ഉണ്ട് . കൂടാതെ അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിൽ വെണ്ണലയിൽ ഒരു സ്കൂളും പ്രവർത്തിച്ചു വരുന്നു. ഭക്ത ജനങ്ങൾക്ക് ഉപകാരപ്രദമായി ക്ഷേത്ര മൈതാനത്ത് ശ്രീ വിശ്വകർമ്മ മണ്ഡപവും സ്ഥിതി ചെയ്യുന്നു. നിലവിൽ സമാജം ഭരണാധികാരികൾ പ്രസിഡന്റ് ശ്രീ എം.എൻ. സതീഷ്, ജനറൽ സെക്രട്ടറി വി.എസ്. സുകുമാരൻ, ഖജാൻജി പി.ആർ. ഷിബു, വൈസ് പ്രസിഡന്റ് കെ.പി. സജീവ്, ജോയിന്റ് സെക്രട്ടറി കെ.കെ. സുരേഷ്, ജോയിന്റ് സെക്രട്ടറി ടി.എസ്. ബിജു എന്നിവരാണ്.
Read More
TIMINGS
- 05:00 AMനട തുറക്കൽ
- 07:15 AMഉഷ പൂജ
- 10:15 AMഉച്ചപൂജ
- 10:30 AMനട അടയ്ക്കൽ
- 05:00 PMനട തുറക്കൽ
- 06:45 PMദീപാരാധന
- 07:45 PMഅത്താഴപൂജ
- 08:00 PMനട അടയ്ക്കൽ